Archive for March 12, 2024

കണ്ണാ!

Posted: March 12, 2024 in സ്രഗ്ദ്ധര

കണ്ണാ! നിൻ കൃഷ്ണനാട്ടംകളി, യിതുകളിയ-
ല്ലൊന്നു കാണാൻ കൊതിച്ചാ-
വിണ്ണോരുംവന്നിടുന്നൂ ഗുരുപവനപുരം
തന്നിലേയ്ക്കെന്നുമത്രേ
മണ്ണിൻ പുണ്യത്തെ വാഴ്ത്തും പുലരുമളവു നിൻ
ദർശനംകാത്തുചേരും
തിണ്ണം കൂടും തിരക്കിൽ സുകൃതമതു ഹരേ!
നൽകണേ തെല്ലെനിക്കും

പുല്ലായ് നിന്നോരുകാലത്തിവനെയെവനഹോ
കണ്ടു നിൻ തൃക്കടാക്ഷ-
ത്തെല്ലാലെന്മെയ്യിലുണ്ടായ് പുളകമുടനെയെൻ
പ്രാണനായ് നീയണഞ്ഞൂ
അല്ലാതില്ലെന്നിലൊന്നും പ്രണവമൊഴുകിയെ –
ന്നുള്ളിലായ് ഗാനമായീ
മല്ലാരേ! ഞാൻ സ്മരിപ്പൂ തവ കൃപ, ഭഗവൻ!
സാദരം കൂപ്പിനില്പൂ

മനസ്സിനെത്തെല്ലുമനസ്സിലാക്കാൻ
മെനക്കെടുമ്പോഴകതാരിലെങ്ങോ
മനസ്സുപോയ് ഗൂഢമൊളിച്ചിരിക്കും
മനപ്രയാസം പകരുന്ന മട്ടിൽ

സുന്ദരം

Posted: March 12, 2024 in Uncategorized

ആനപ്പുറത്തേറി മേളവാദ്യത്തൊടി –
ങ്ങാനന്ദരൂപനാം പൂർണ്ണത്രയീശ്വരൻ
വന്നണഞ്ഞീടുന്നവേളയിൽ വീശിടും
തെന്നലൊത്താടും കൊടിക്കൂറയെന്നപോൽ
തോന്നും കിവിപ്പക്ഷിതൻ  നാട്ടിലീവിധം
ചോന്നുനിൽക്കുന്നതാം വൃക്ഷങ്ങൾ കാണവേ

Photo courtesy: Sreevidya Varma

പൂവുകോർത്തു പുതുഹാരമേകണം
ദേവനെന്നുമതിനായ് ശ്രമിക്കയാം
പാവമെന്തുകരണീയമുൾത്തടം
നോവുമച്ചരടുപൊട്ടിവീഴുകിൽ

ഹന്ത!

Posted: March 12, 2024 in മഞ്ജരി

എന്മനസ്സാം ചെറുതാമരപ്പൊയ്കയിൽ
ചിന്തയായ് താമരപ്പൂവിരിഞ്ഞൂ

ഇന്നതിൽ നിന്നു ഞാനൊന്നിറുത്തൂ നല്ല
ചന്തമേറുന്നൊരുമാലകോർക്കാൻ
എൻ പ്രാണനാഥനായുള്ളിൽ കളിക്കുന്ന
ചെന്താമരാക്ഷനു ചാർത്തുവാനായ്

എൻ സ്നേഹമാം നൂലു പൊട്ടിയോ, കഷ്ടമ –
ച്ചെന്താമരപ്പൂവു വീണുപോയോ?

എന്തുചെയ്യാവതീ പൊട്ടിയ നൂലുമായ്
ഹന്ത! ഞാനന്തിച്ചുനിൽക്കയല്ലോ

സ്നേഹമാണു പരമേശ്വരൻ മഹാ-
മോഹമാണു മറ, ദുഃഖഹേതുവും
കോഹമെന്നുതിരയുന്നവർക്കു, സ-
ന്ദേഹമില്ല, വഴികാട്ടുമീശ്വരൻ

കോഹം = ക: അഹം = ഞാൻ ആര്