കണ്ണാ!

Posted: March 12, 2024 in സ്രഗ്ദ്ധര

കണ്ണാ! നിൻ കൃഷ്ണനാട്ടംകളി, യിതുകളിയ-
ല്ലൊന്നു കാണാൻ കൊതിച്ചാ-
വിണ്ണോരുംവന്നിടുന്നൂ ഗുരുപവനപുരം
തന്നിലേയ്ക്കെന്നുമത്രേ
മണ്ണിൻ പുണ്യത്തെ വാഴ്ത്തും പുലരുമളവു നിൻ
ദർശനംകാത്തുചേരും
തിണ്ണം കൂടും തിരക്കിൽ സുകൃതമതു ഹരേ!
നൽകണേ തെല്ലെനിക്കും

പുല്ലായ് നിന്നോരുകാലത്തിവനെയെവനഹോ
കണ്ടു നിൻ തൃക്കടാക്ഷ-
ത്തെല്ലാലെന്മെയ്യിലുണ്ടായ് പുളകമുടനെയെൻ
പ്രാണനായ് നീയണഞ്ഞൂ
അല്ലാതില്ലെന്നിലൊന്നും പ്രണവമൊഴുകിയെ –
ന്നുള്ളിലായ് ഗാനമായീ
മല്ലാരേ! ഞാൻ സ്മരിപ്പൂ തവ കൃപ, ഭഗവൻ!
സാദരം കൂപ്പിനില്പൂ

Leave a comment