Archive for March 15, 2024


തിരുവെങ്കടമലമേലഥ മമ മാനസമലരിൽ
കരുണാമൃതമരുളീടിന ഭഗവൻ! ഭയമകലാൻ
ഗുരുവായ് വഴിയിവനേകുക സദയം, ഭുവി സതതം
കരുണാലയ പരിപാലയ, ശരണം തവ ചരണം

ഉദ്യത്സൂര്യാംശു തൊട്ടെന്നും
ഉണരുംപുതുനാൾ ഭുവി
കാലമാമാറിനാലുണ്ടാ-
മതിനിങ്ങുനിയന്ത്രണം

ദിലീപേട്ടൻ്റെ ശ്ലോകം

വെള്ളത്തിലുള്ളൊരുമീനിനും ദാഹമി-
ങ്ങുള്ളതോ, ശൈത്യമാസൂര്യനിലോ?

ഉള്ളിലും ചുറ്റിലുമുള്ളവൻ കണ്ണനെ –
ന്നുള്ളമേ! തേടുന്നു ലോകത്തിലോ?

പ്രചോദനം (മൊഴിമാറ്റമല്ല)

ദൈത്യയാം പൂതനയ്ക്കുണ്ടാ-
യുൾത്താരിൽ മോഹമേറ്റവും
ഭക്തവത്സലനെപുൽകാൻ
മുത്തിസ്തന്യം കൊടുക്കുവാൻ

മാതൃസ്നേഹം കണക്കായ് താൻ
മാധവൻ കണ്ടു നൽകി്പോൽ
മുക്തിയാപൂതനയ്ക്കേകി
തത്ക്ഷണം കരുണാമയൻ

ഉത്കലാസുരനും മോഹം
ഹൃത്താരിൽ വന്നുചേർന്നുപോൽ
കണ്ണനെക്കാണുവാനും തൃ-
പ്പാദസ്പർശസുഖത്തിനും

മെയ്യില്ലാത്തവനെവ്വണ്ണം
സ്പർശനം കിട്ടുമാകയാൽ
ശകടത്തിൽ സ്വയം ചേർന്നൂ
കൃഷ്ണസ്പർശേന മുക്തനായ്

ദുർവ്വാസാവിൻ്റെ ശാപത്താൽ
ദൈത്യനായ് പാണ്ഡ്യമന്നവൻ
കൊടുങ്കാറ്റായെടുത്തത്രേ
കൈയിലാക്കണ്ണനെസ്വയം

കണ്ണനെക്കൊണ്ടുപോയ് വേഗം
തൃണാവർത്താഖ്യനാമവൻ
ശ്രീകൃഷ്ണകൃപയാൽ തന്നെ
മുക്തനായ് ദൈത്യനക്ഷണം

പ്രചോദനം: ഗർഗ്ഗഭാഗവതം

ആശംസ

Posted: March 15, 2024 in ശങ്കരചരിതം

കുലശേഖരനൃപപൂജിത, നജിതൻ, പുകളെഴുമാ-
കുലശേഖരപുരി തന്നിലെയൊരുകോവിലലമരും
ബലസോദര, നജനെത്തൊഴുതിവനോതുവതിതുതാൻ
നലമേകുക സതതം ഭുവി മമ സോദരനജനും

ആർക്കുവേണ്ടിയിറുത്തേനി –
പ്പൂക്കളെ, കഷ്ടമോർക്കുകിൽ
ഒക്കെ വാടിക്കരിഞ്ഞീടും
ചിക്കെന്നിക്കാലമോർപ്പൂ ഞാൻ

ദേവനായ് പൂജ ചെയ്യാനീ
പൂവെന്തിന്നായിറുക്കണം
ജീവനില്ലേയതിൽ, പാരം
നോവില്ലേയതിനേറ്റവും

എൻ്റെ ലോകം

Posted: March 15, 2024 in Uncategorized


കിടയ്ക്ക മൂട്ടയ്ക്കൊരു പർവ്വതം പോൽ
വിത്താണു കീടത്തിനു ലോകമത്രേ

മാക്രിക്കു കേമം കിണറാ, ഴിയെന്നാൽ
കാണാത്തതാ, ണില്ലതു വാഴ്‌വിലത്രേ

മനുഷ്യനീ വാഴ്‌വിനു നാഥനെന്നും
താനെന്നുചിന്തിച്ചുവസിച്ചിടുന്നൂ

നിരന്തരം കാണുവതെന്തതത്രേ
നേരെന്നുതാനോർത്തുവസിപ്പു ലോകർ

പ്രചോദനം: തുക്കാറാം















പിറക്കുമിടമേകില്ലാ
പാരിൽ മാന്യതയാർക്കുമേ
ശിരസ്സിൽ ജന്മമുണ്ടായോ –
രീരിനാദരവേകുമോ ?