Archive for March 2, 2024

ധർമ്മരക്ഷക, നെനിക്കു സദ്ഗുരുവു, മെന്നുമിങ്ങു തുടരുന്നതാം
കർമ്മവീഥികളിലെപ്പൊഴും വഴിതെളിച്ചിടുന്ന കൃപയും ഭവാൻ
നിർമ്മലൻ ഹരിഹരാത്മജൻ കരുണ കാട്ടണം ശരണമേകണം
ശർമ്മദൻ മനസി ശാന്തിയായിനി വിളങ്ങണം സകരുണം സദാ

ചോരക്കുരുതിതീർക്കുന്നു
ക്രൂരരാം രാക്ഷസവ്രജം
ഭാരമേറുന്നു ഭൂമിക്കി
ന്നാരല്പം രക്ഷയേകുവാൻ

ആദിയിൽ ചെറിയ പക്ഷി വീണപൊഴുതാർത്തനായ് മുനി കുറിച്ചുപോ-
ലാദ്യകാവ്യ, മിതുനാളിലുള്ള നരഹത്യ കണ്ട കവിമാനസം
ആധിയോടു പുതുമാധ്യമത്തിലെഴുതീടുകിൽ തെറി നിറച്ചിടും
കാതിലിന്നുയിരുപോയിടാം കവിത കോറിയാൽ കരുതി നിൽക്കണം

വാഴാനാവില്ലൊരാൾക്കും ചിര, മിതു ശരിയാ –
ണെങ്കിലും വാഴ്‌വിലൊട്ടും
കേഴാൻ പാടില്ല മർത്യൻ ധരയിലമരുവാൻ
ഭാഗ്യമുള്ളത്രകാലം
വീഴാംതാഴത്തു പക്ഷേ കതിരവനുദയം
ചെയ്തിടും പോലുയർന്നാൽ
പാഴാകില്ലാ പ്രയത്നം, പ്രതിഫലമതിനോ
*ധന്യമാം ജീവിതം താൻ”

കള്ളം തട്ടിപ്പറിയുമതുപോൽ
കൊള്ളയും കൊള്ളിവയ്പും
കള്ളും കഞ്ചാവടിയുമിവിടെ –
ചെയ്തു തമ്മിൽക്കയർത്തും
കൊല്ലാൻ പോലും മടി ശകലവും
കാട്ടിടാത്തോരു തമ്മിൽ-
ത്തല്ലുമ്പോഴും തിരയുവതഹോ
“ധന്യമാം ജീവിതം താൻ”

അപ്പൂപ്പൻതാടിചൊല്ലിത്തരുവതു സുമതേ!
കേൾക്ക, “മാറാപ്പു തോള-
ത്തെപ്പോഴും താങ്ങിയല്ലോ ധരണിയിലെവനും
തൻ്റെ കാലം കഴിപ്പൂ
അല്പം ഭാരം കുറഞ്ഞാലുയരമകലവും
തെന്നലിന്നൊത്തുതാണ്ടാം
ക്ഷിപ്രം, പ്രാരബ്ധഭാരച്ചുമടു കളയുമാ-
കണ്ണനെക്കൂപ്പിയാലും”


മാറാതുള്ള കളങ്കവും ക്ഷയവുമായ്
ചുറ്റുന്ന ചന്ദ്രൻ്റെ വൻ
മാറാപ്പിന്നകമുള്ള പൂക്കളഖിലം
ചിന്നിത്തെറിച്ചീടവേ
ഏറും സങ്കടമൊട്ടറിഞ്ഞു ജടയിൽ
ചേർക്കും മഹേശൻ്റെ വെ-
ണ്ണീറാടും തിരുമേനിയെൻ്റെ മനമേ
നീയോർക്കയെക്കാലവും


പതിവായി പൂർവ്വികർ നട്ടുനനച്ചതാം
പൂന്തോപ്പിൽ കവിതാതരുക്കളെല്ലാം
കാലം കടക്കവേ തെല്ലൊന്നുണങ്ങിയെ-
ന്നാലും നനച്ചാൽ വരും നാമ്പുകൾ