Archive for March 3, 2024

ഗുണങ്ങളെൻ്റെ ചിന്തകൾക്കു വാക്കുകൾക്കുമിങ്ങുവ-
ന്നണഞ്ഞിടാൻ കുറിച്ചതാം പദങ്ങൾ പൂജയായ് വരാൻ
വണങ്ങിടുന്നു ഞാൻ ഗണേശതൃപ്പദത്തിലെന്നുമേ
തുണയ്ക്ക, സങ്കടം കളഞ്ഞു രക്ഷയേക സന്തതം

ചിന്താഭാരം കളക മനമേ!
തെന്നലോടൊത്തു പാറി –
ച്ചെന്നാലും നീ പവനപുരിയിൽ
കണ്ണനെക്കണ്ടുകൂപ്പാൻ
മന്ദാരപ്പൂ തുളസിയതുപോൽ
തെച്ചിയുംകൊണ്ടുഹാരം
നന്നായ് കോർത്താചരണയുഗളേ
ചേർക്കിലിങ്ങാർക്കു ദുഃഖം

കല്ലിൽപ്പോലും കവിത വിരിയും
കോടിലിംഗാലയത്തിൽ
പുല്ലായാലും മതി, സുകൃതമായ്,
കാവ്യലോകം നമിക്കും
ചൊല്ലുംകാറ്റത്തിളകുമളവിൽ
ശ്ലോക, മത്തെന്നലെങ്ങും
ചെല്ലും, പാറുംപൊഴുതുവിതറും
കാവ്യസൂനപ്രസാദം

തെറ്റെന്നുള്ളം പറയുവതു ഞാൻ
ശ്ലോകമാക്കാൻ ശ്രമിക്കും
പറ്റിപ്പോകും പിഴകളെഴുതും
വേള പെട്ടെന്നു കഷ്ടം
തെറ്റുണ്ടെന്നാൽ സദയമതുടൻ
കൂട്ടരേ! കാട്ടുമെന്നാൽ
മാറ്റാൻ നോക്കാമിവനുമഖിലം
കുറ്റമറ്റുള്ളതാക്കാൻ