Archive for March 4, 2024

ഒരുവേഷമണിഞ്ഞിവനിപ്പൊഴുതിൽ
തിരുമുന്നിലണഞ്ഞു, തുണയ്ക്കണമേ
തിരുവല്ലയിലായമരും ഭഗവൻ
തിരുവല്ലഭ! തെല്ലഭയം തരണേ

സന്തോഷിന്നേകിടട്ടേ ഹരിഹരസുതനി-
ങ്ങായുരാരോഗ്യസൌഖ്യം
സന്തോഷം പാരിലെന്നും മധുരയിലമരും
ദേവി നന്നായ് തരട്ടേ
പന്താടാൻ പന്തളത്തെകവിവരനുസുമം
വാക്കുദിക്കട്ടെ, വാഴ്‌വിൻ
സന്താപം തീർക്കുവാനായ് കവിതകളെഴുതി-
ക്കൂട്ടുകെൻ കൂട്ടുകാരാ

സെക്കൻ്റല്ലതു മുഖ്യസൂചിയതുനി-
ന്നാൽ മൊത്തമായ് നിന്നപോൽ-
ക്ലോക്കും, തെല്ലിതുനിത്യമോർക്ക, ശകലം
ചിന്തിക്ക നന്ദിക്ക നാം
എക്കാലത്തുമലഞ്ഞിടുന്നതവനാ-
ണെങ്ങും ചലിക്കാതവൻ
നിൽക്കാൻ സംഗതിവന്നിടാതരുവാൻ
ശ്രദ്ധിച്ചിടാം നല്ലപോൽ

കൊല്ലുന്നൂ ശങ്കയെന്ന്യേ സ്സഹജരെയിവിടെ, –
പ്പാവമാമയ്ക്കു മാർഗ്ഗം
നൽകുന്നൂ ദൂരെ ജപ്പാൻകരയിലമരുമ-
ക്കൂട്ടരും, കൂട്ടുകാരേ!
ചൊല്ലൂ നന്നേതു, വേണ്ടും വികസനവുമിത –
ല്ലാതെയെന്താണു, തമ്മിൽ –
ത്തല്ലാതൊന്നിച്ചുവാഴാൻ കഴിയണ, മതിനായ്
നാം പഠിച്ചാവു പാഠം