Archive for March 1, 2024


ഇരുളുമുലകമപ്പോൾ ഭീതിയുൾത്താരിലുണ്ടായ്
വരുമതുപൊഴുതുള്ളം ശാന്തമായീടുവാനായ്
അരുളണമൊളി നിത്യേ ! മാലിനീദേവി! ദുർഗ്ഗേ!
തിരുവടിയുഗളത്തിൽ ചേർത്തുകാത്തീടണം മേ

വറ്റിപ്പാടെവരണ്ട ഭൂവിനു ജലം
മേഘങ്ങളേകീടവേ
ചുറ്റും പച്ചവിരിച്ചുതാനെവളരും
പുല്ലൊത്തുവൃക്ഷങ്ങളും
തെറ്റെന്നെങ്ങിനെവന്നതാകുമിവയെ-
ന്നോർത്താൽ തെളിഞ്ഞീടുമീ –
മുറ്റത്തന്നു പതിഞ്ഞു വിത്തു പുതുതാം
നാമ്പൊന്നു നീട്ടുന്നതായ്

പണ്ടീകേരളഭൂവിലാകെ കവിതാ –
സമ്പത്തുചേർത്തേറെ ചൊൽ –
കൊണ്ടീടും കവിരാജവൃന്ദമനിശം
വാണോരുനാടല്ലയോ
ഉണ്ടാകാമവർ നട്ട വിത്തുപലതീ
മുറ്റത്തതിൽ വീണ നീർ-
കൊണ്ടാകാം പുതുനാമ്പു കാണ്മു തനിയേ
മൊട്ടിട്ടിടും മട്ടിലായ്

സൂര്യതാപത്തിനാൽ ഭൂവിൻ
കാര്യമേറെപ്പരുങ്ങലായ്
കാര്യമെന്തിത്ര ചൂടാകാൻ
സൂര്യ! തെല്ലിങ്ങുചൊല്ലുമോ?

ഭൂവിൻ്റെ സങ്കടം കണ്ടി-
ട്ടേവം കോപിക്കയോ ഭവാൻ?
ആവുമെങ്കിൽ കൃപാവർഷം
തൂവാനായ് താൻ ശ്രമിക്കണം

ചൂടാകാതെയിരിക്കണം കതിരവാ!
ഭൂവിൻ്റെ കാര്യം നിന-
ച്ചേടാകൂടമൊരുക്കിടൊല്ല, ധരയെ –
ത്തെല്ലും വലച്ചീടൊലാ
പാടാണിങ്ങു വസിക്കുവാൻ ഖലരഹോ
കൂടുന്നു, കൂടെബ്‌ഭവാൻ
കൂടാതിത്തിരി ദാഹനീരു കടമായ്
മേഘത്തിനേകീടണം

കാറ്റോടോതുക, നീർനിറഞ്ഞ മുകിലിൻ
കൂട്ടത്തെയും കൂട്ടുവാൻ,
ചുറ്റും ചുറ്റിനടന്നിടാതെ മഴയെൻ
നാടിന്നുനൽകീടുവാൻ,
തെറ്റെന്നിപ്പണി ചെയ്യുവാൻ പറയണം,
ചൂടീവിധം കൂട്ടിയാൽ
ചുറ്റിപ്പോയിടുമേവരും, സകരുണം
നീ മാരി പെയ്യിക്കണം

കുത്തിക്കുറിക്കയാണെന്നും
കേൾക്കും കാര്യങ്ങളൊക്കവേ
കാണാം തെറ്റതിലായൊട്ടും
കാര്യമാക്കൊല്ല, കൂട്ടരേ!

കേമന്മാരാം കവീന്ദ്രന്മാർ
കുറിച്ചിട്ടതുമട്ടിലായ്
കണക്കാക്കേണ്ട, കുട്ടിത്തം
കാണുമെൻ വാക്കിലൊക്കെയും

കാർന്നോന്മാർ ചെയ്തിടും കാര്യം
കണ്ടതേമട്ടുകാട്ടുവാൻ
കുട്ടികൾ തുനിയും പോലെ –
ക്കാൺക ഞാൻ വാക്കുരപ്പതും

കുട്ടികൾ പതിവായ് കാട്ടും
കുട്ടിക്കളി കണക്കിനെ
കാണും പൂർവ്വികരെല്ലാരും
കുസൃതിശ്ലോകകേളികൾ

കാണാം തെറ്റതിലെന്നാലും
കണ്ടതായി നടിച്ചിടാ
കളിയാക്കാതെയെൻ വാക്കും
കുറ്റമറ്റവയാക്കിടും

ഒട്ടുഭീതിയുളവാക്കിടുന്നപടി ദൈത്യരോടു രണമാടിലും
വിട്ടുപോകുമരിശം ശരിക്കുമൊരുഭക്തനാ ച്ചരണമോർക്കുകിൽ
തിട്ടമാഭുവനനായികയ്ക്കു കൃപയൂറുമുള്ളിലരികത്തു തൻ
കുട്ടിയായ് കരുതിവന്നിടും വിഷമമാറ്റുകാൽ ജനനി മാറ്റിടും

പൂജ

Posted: March 1, 2024 in അനുഷ്ടുപ്പ്

കാലത്തിനൊത്തു നാമെല്ലാം
കോലം കെട്ടുന്നതാകിലും
കാലാരിപുത്രി തൻ നൽ ത്തൃ-
ക്കാലിണയ്ക്കവ പൂജ താൻ

കാണുന്നു പല മട്ടായി –
ക്കാണുന്നോർ, പൊരുളേകമാം
കാണുന്ന കണ്ണിനോടൊപ്പം
കാഴ്ച മാറുവതായ് വരും

“ഫ്ലമിൻ! ഗോ” എന്നു കേട്ടിട്ടോ
ഫ്ലമിങ്കോ ഹാ! പറന്നുപോയ്
നാമത്തിനാകുമോ ചിത്രം!
ബ്ലൈമിപ്പോൾ വന്നിടുന്നതും

പക്ഷിയല്ലേ ഫ്ലമിങ്കോയും
പാവം! പക്ഷക്കരുത്തിനാൽ
പാതിരാവിൽ നിലാവെട്ടം
പരതിപ്പോയതാകണം

കൂട്ടം തെറ്റിപ്പിരിഞ്ഞോനെ-
കൂട്ടത്തിൽ കൂട്ടുവാൻ ദ്രുതം
കൂട്ടുകാരും പറന്നീടും
കട്ടായം നാളെ രാത്രിയിൽ

കാൽരണ്ടും ബാക്കിയായുണ്ടാ-
ക്കരയിൽ, തോഴ! കണ്ടുവോ
കൂരിരുട്ടത്തതും തേടി –
കക്ഷി വീണ്ടുമണഞ്ഞിടാം

😅

വേദവും ശാസ്ത്രവും കണ്ടുമുട്ടുന്നതാം
വേദി പൊൻപാത്രമാം മർത്യൻ്റെ മാനസം

നിത്യമാസ്വർണ്ണപാത്രം മറച്ചീടുന്ന
സത്യമേ! നിന്നെ ഞാൻ കാണുന്നതെങ്ങിനെ?

കാണുന്നത, ല്ലതു കാണുന്ന കണ്ണാണു
കണ്ണായതെന്നു ഞാൻ കണ്ടറിഞ്ഞീടവേ
കണ്ണിനും കണ്ണായിരിക്കുന്ന കണ്ണനെ
കണ്ണടച്ചത്ഭുതസ്തബ്ധനായ് കൂപ്പുന്നു

https://www.scientificamerican.com/article/the-universe-is-not-locally-real-and-the-physics-nobel-prize-winners-proved-it/