ചൂടാകാതെയിരിക്കണം കതിരവാ!
ഭൂവിൻ്റെ കാര്യം നിന-
ച്ചേടാകൂടമൊരുക്കിടൊല്ല, ധരയെ –
ത്തെല്ലും വലച്ചീടൊലാ
പാടാണിങ്ങു വസിക്കുവാൻ ഖലരഹോ
കൂടുന്നു, കൂടെബ്‌ഭവാൻ
കൂടാതിത്തിരി ദാഹനീരു കടമായ്
മേഘത്തിനേകീടണം

കാറ്റോടോതുക, നീർനിറഞ്ഞ മുകിലിൻ
കൂട്ടത്തെയും കൂട്ടുവാൻ,
ചുറ്റും ചുറ്റിനടന്നിടാതെ മഴയെൻ
നാടിന്നുനൽകീടുവാൻ,
തെറ്റെന്നിപ്പണി ചെയ്യുവാൻ പറയണം,
ചൂടീവിധം കൂട്ടിയാൽ
ചുറ്റിപ്പോയിടുമേവരും, സകരുണം
നീ മാരി പെയ്യിക്കണം

Leave a comment