Archive for March 8, 2024

ശിവം

Posted: March 8, 2024 in അപരവക്ത്രം

ഭവനുടെ ചരണം ഭജിക്ക നാം
ഭവദുരിതം നിഖിലം കളഞ്ഞിടാൻ
ഇവനുടെയകമേ തുണയ്ക്കുവാൻ
ശിവ ശിവയും സതതം വസിക്കണം

Dieting

Posted: March 8, 2024 in മഞ്ജരി

അന്നൊക്കെയും ഞാൻ ഭുജിച്ചു പിസക്കഷ്ണ-
മൊന്നിച്ചൊരെട്ടണ്ണമെങ്കിലും, കേൾ
ഇന്നോ ഡയറ്റിങ്ങിലാകയാലിമ്മട്ടിൽ
മൂന്നാകിലും തൃപ്തനായിടുന്നൂ

കാളകണ്ഠം

Posted: March 8, 2024 in മഞ്ജരി

കാളകൂടം തൻ്റെ കണ്ഠത്തിൽ നിർത്തുമാ-
കാളകണ്ഠസ്വാമിയെന്നപോലെ
കാലം കഴിക്കണം, സങ്കടം തന്നുള്ളിൽ
കേറാതെ നോക്കണം പാരിലെന്നും

ഉള്ളിൽ ക്കടക്കുകിലുള്ളം പുകഞ്ഞിടും
വല്ലാതെ, തൻ നാശഹേതുവാകും
തള്ളിപ്പുറത്തേയ്ക്കു വിട്ടുവെന്നാലതിൽ
പൊള്ളിയീലോകവും വെന്തുനീറും


പ്ലാസ്റ്റിക്കുകൊണ്ടുള്ള പുഷ്പത്തിനുണ്ടാകാം
പൂവിൻ്റെ രൂപവും  സൌന്ദര്യവും
എന്നാലതിൽ വന്നുചേർന്നിടാ വണ്ടുകൾ
പൂന്തേനതിൽ താനെയൂറിടായ്കിൽ

മർത്യൻ്റെയുൾത്തട്ടിലൂറുന്ന ചിന്തയാം
പൂന്തേൻ തൊടാത്തുള്ള പദ്യങ്ങളെ
യന്ത്രങ്ങൾ തീർത്തിടാം നാളെയെന്നാലവ
ഹൃത്താരിനാനന്ദമേകുകില്ലാ

യാന്ത്രികമാകില്ല കാവ്യം കലകളും
ചിന്തയും മർത്യൻ്റെ സങ്കടവും
സന്തോഷം സ്നേഹവും വാത്സല്യവും വെറും
യാന്ത്രികമാകാത്ത നാൾവരേയ്ക്കും


ഒരു നദിയിലെ ജലത്തെക്കിണ്ടിയിൽ ക്കൊണ്ടുപോന്നാൽ
ഒരുവനനവയിലല്പം ഭേദമോതാവതാണോ?
ഒരു കവി മൊഴിമാറ്റം ചെയ്കിലെന്തുണ്ടു മാറ്റം
വരുവതു കവിതയ്ക്കും, തെല്ലു ചിന്തിച്ചുപോയ് ഞാൻ

അരുവിയിലെ ജലത്തെ കാര്യസാദ്ധ്യത്തിനെന്നായ്
കരുതി ചെറിയ പാത്രം തന്നിലായ് കൊണ്ടുപോന്നാൽ
ഒരുവനുപകരിക്കും വേണ്ടനേരത്തതല്ലാ –
തൊരുചെറുഭേദം തമ്മിലില്ലെന്നു ചൊല്ലാം

അരുവിയിലെ ജലം പോൽ കാവ്യമക്കിണ്ടിതന്നിൽ
കരുതിയ ശകലം നീർ പോലെ ഭാഷാന്തരം, കേൾ
ഒരുപൊരുളിവ രണ്ടും തന്നെയെന്നാൽ ഭവിക്കാ-
മൊരുവനൊരുപകാരം രണ്ടു മട്ടിൽ ജഗത്തിൽ



പ്രാരബ്ധഭാരവും പേറിനടക്കുവോ –
ളാരുതാനാരിവൾക്കാശ്രയവും?

ധീരയായ് കൈക്കുഞ്ഞുമായ് ചുറ്റിടുന്നതാം
ഘോരമിക്കാനനം വാഴ്‌വുതാനോ?

പാവമെന്മാനസം തന്നെയോ പാരിലാ –
യീവിധം ചുറ്റിത്തിരിഞ്ഞിടുന്നൂ

കൈയ്യിലെക്കുഞ്ഞെൻ കിനാവോ വെളിച്ചമി ‘
ക്കാണ്മതാരീശ്വരനോ തരുന്നൂ

Women’s day

Posted: March 8, 2024 in മാലിനി

ശിവനു ശിവ, ഹരിക്കോ ലക്ഷ്മിതാനല്ലി, പദ്മോദ് –
ഭവനു ധവളപദ്‌മേ വാണിടും വാണി വേണം
ഭുവനജനനിയാമാശക്തിതാൻ ശക്തി ലോക-
ത്തെവനുമവളെയോർക്കാം നിത്യവും ഭക്തിപൂർവ്വം

ജനനി, സഹജ, ജായാ, .പുത്രിയെന്നീവിധത്തിൻ
ദിനമനു മമ മുന്നിൽ കണ്ടതാം സ്ത്രീജനത്തെ
മനസി കരുതിടുന്നൂ ദേവിയായ് കൂപ്പിടാമി-
ങ്ങനുദിനമവളില്ലാതില്ല സൌഖ്യം ജഗത്തിൽ

*വിനോദ് വർമ്മ, ചെന്നൈ*


സ്വർഗ്ഗീയഗംഗാനദി ഭൂവിലേറും
ദുഃഖം ശമിപ്പിപ്പതിനായ് ദയാർദ്രം
ഗംഗാധരൻതൻ ജടവിട്ടുതാഴെ
ഭാഗീരഥീരൂപമെടുത്തപോലെ

https://drive.google.com/file/d/1X-HyAePUUZP9WF9wq5QY9PCJpTwiwMdR/view?fbclid=IwAR0ApAzGBawPadMBDEYSFbOEuQbamdNT6yKghEvCFjILirrtwga6Rs-13L4

അസംബന്ധം

Posted: March 8, 2024 in മഞ്ജരി

സുന്ദരൻ ചന്ദ്രന്നെന്നാളും കവീന്ദ്രർക്കു
മന്നി, ലെന്നാൽ ഹന്ത! ശാസ്ത്രത്തിനോ
എന്നും വികൃതാസ്യനല്ലയോ, വസ്തുവി-
ങ്ങൊന്നാണു, വീക്ഷണകോണുവേറെ

എന്നും പ്രിയം കാവ്യലോകമൊന്നേമന-
സ്സിന്നതില്ല, കേൾ, യുക്തി തെല്ലും
എന്നാലെൻ  ബുദ്ധിക്കു നിത്യമിഷ്ടം ശാസ്ത്ര-
ചിന്തയീരണ്ടിനും ബന്ധമില്ലാ