കവിതയും മൊഴിമാറ്റവും

Posted: March 8, 2024 in മാലിനി


ഒരു നദിയിലെ ജലത്തെക്കിണ്ടിയിൽ ക്കൊണ്ടുപോന്നാൽ
ഒരുവനനവയിലല്പം ഭേദമോതാവതാണോ?
ഒരു കവി മൊഴിമാറ്റം ചെയ്കിലെന്തുണ്ടു മാറ്റം
വരുവതു കവിതയ്ക്കും, തെല്ലു ചിന്തിച്ചുപോയ് ഞാൻ

അരുവിയിലെ ജലത്തെ കാര്യസാദ്ധ്യത്തിനെന്നായ്
കരുതി ചെറിയ പാത്രം തന്നിലായ് കൊണ്ടുപോന്നാൽ
ഒരുവനുപകരിക്കും വേണ്ടനേരത്തതല്ലാ –
തൊരുചെറുഭേദം തമ്മിലില്ലെന്നു ചൊല്ലാം

അരുവിയിലെ ജലം പോൽ കാവ്യമക്കിണ്ടിതന്നിൽ
കരുതിയ ശകലം നീർ പോലെ ഭാഷാന്തരം, കേൾ
ഒരുപൊരുളിവ രണ്ടും തന്നെയെന്നാൽ ഭവിക്കാ-
മൊരുവനൊരുപകാരം രണ്ടു മട്ടിൽ ജഗത്തിൽ

Leave a comment