Archive for March 11, 2024

ഹരിക്കീശനും പുത്രനാമയ്യ! നീ സം –
ഹരിക്കേണമീദർപ്പമാം വൻമൃഗത്തെ
ഹരിക്കൂ വിഷാദം മനസ്സിന്നകത്ത –
ങ്ങിരിക്കൂ ജപിക്കുന്നു ഞാൻ നിൻ്റെ നാമം

കണ്ടാൽ പ്രയാസമെവനും വരുമിങ്ങു നല്ലോർ –
ക്കുണ്ടായ് വരുന്ന വിഷമങ്ങളറിഞ്ഞുവെന്നാൽ
കണ്ടാലുമെത്തുമിഹ കാറ്റൊരുപൂവു വീണാൽ
കൊണ്ടാക്കിടും ധരണി തൻ തിരുമാറിടത്തിൽ

Seneca — ‘The bravest sight in the world is to see a great man struggling against adversity

പൂർവ്വാദ്രിയിൽ സൂര്യനുദിച്ചിടുന്നതിൽ
പിന്നീടതാഴിക്കകമാണ്ടിടുന്നതിൽ
പൂന്തോപ്പിലെപ്പൂവുകളെത്തലോടുവാൻ
പെട്ടെന്നുവന്നെത്തുവതായ തെന്നലിൽ
രാവിൽ നിലാവേകുവതിന്നണഞ്ഞിടും
രാകേന്ദുവിൽ, വെണ്മുകിലിൽ, തമസ്സിലും
മേഘത്തിലും മിന്നലിലെങ്ങുമെങ്ങുമേ
മിന്നിത്തിളങ്ങും കവിതയ്ക്കു കൂപ്പുകൈ

*കൃപാവൈഭവം*
തല്ലാൻ,  തമ്മിലടിക്കുവാൻ, പരധനം
മോഷ്ടിക്കുവാ, നന്യനെ-
ക്കൊല്ലാനൊക്കെയുമുള്ള നിൻ്റെ വിരുതോ
സാമർത്ഥ്യമായോർപ്പൂ നീ
തെല്ലാനെഞ്ചിലൊളിച്ചുവച്ച കൃപയെ –
ക്കണ്ടെത്തിയാൽ ശാന്തിയി-
ങ്ങെല്ലാർക്കും നര! വന്നുചേരുമതിലായ്
“കണ്ടീടു നിൻ വൈഭവം”



സേവയ്ക്കായെന്തുമോതുന്നവരുടെ മൊഴിയും
കേട്ടുവാഴുന്നവൻ ഹാ,
പാവം! വീഴും പതുക്കെപ്പടുകുഴിയിലഹോ
പിന്നെയാരും തുണയ്ക്കാ
സേവക്കാരാരുമെത്തില്ലതുപൊഴുത, തിനാൽ
ശ്രദ്ധ വേണം, ചതിക്കാ-
നാവാം നിത്യം സ്തുതിക്കുന്നതു ചിലരതു നീ-
നോക്കിനിൽക്കേണമെന്നും


സേവാഫലം

Posted: March 11, 2024 in രഥോദ്ധത


സേവനാഴിയിലൊഴിച്ച മാവിനാൽ
സേവ തീർത്തു ഭഗവാനു നൽകിയാൽ
ദേവസേവയതു, മാറ്റുമേറിടും
വേവലാതി, മനമേ! ധരിക്ക നീ

കനികുറച്ചുകൊറിച്ചുകുറിക്ക നീ
കവിതയെൻ പ്രിയരേ! പ്രിയമേകുവാൻ
കദനമാറ്റിടുവാനുതകുംവിധം
കഥകളോതുക നന്മ വളർത്തുക