Archive for March 22, 2024

ആനന്ദക്കട്ടയായും സകലകലകളും
ചേർന്നതാം തത്ത്വമായും
ജ്ഞാനത്തിൻ രൂപമായും വിനകളഖിലവും
മാറ്റിടും മൂർത്തിയായും
ധ്യാനിക്കും വേള ചിത്തേ തെളിയുമൊരൊളിയായ് തന്നെയും പണ്ടുതൊട്ടേ
ഞാനെന്നും കണ്ടത്തൃച്ചേവടികളരുളണം
നല്ല മാർഗ്ഗം ത്രയീശാ

മദം കളഞ്ഞഭയപദം തരേണമേ
മൃദംഗമാമലയിലമർന്ന പോർക്കലീ
സദാശിവേ സദയമെനിക്കു നൽകണേ
സദാ മുദം, ശരണപദം ഭവദ്പദം




സന്താനങ്ങൾക്കുവേണ്ടും സുഖമനുദിനവും
വന്നിടാൻ, മാനസത്തിൽ
സന്താപം തീങ്ങി മോദം നിറയുവതിനുമാ-
മുക്തിസിദ്ധിക്കുവാനും
ചെന്താർതോൽക്കുന്ന തൃക്കാലിണയിലുടനുടൻ
വീണുകൂപ്പിസ്തുതിക്കാം
മന്ദാക്ഷം വിട്ടമന്ദം, തുണ മമ ഗുരുവാം
പൂർണ്ണവേദാലയേശൻ

മന്ദാക്ഷമെന്തിനു ജപിക്കൂ നാവേ!
ചെന്താർദളാക്ഷതിരുനാമം

ഭക്ത്യാ സ്മരിക്ക ചരണാബ്ജം നിത്യം
മുക്തിക്കതാണു വഴിയാർക്കും

സന്താപമാറ്റുമതു നൂനം പാരം
സന്തോഷമേറ്റുമതു ചിത്തേ

ഇന്നാപൂർണ്ണത്രയീശൻ തിരുവടിയുടെ തൃ-
പ്പാദപദ്മം സ്മരിച്ചും,
തന്നാമം ഭക്തിപൂർവ്വം സവിനയമകമേ
ചൊല്ലിയും, ലീലയെല്ലാം
എന്നാലാവുന്നമട്ടിൽ പറവതിനധുനാ
മോഹമാർന്നുദ്യമിക്കെ
നന്നാകാൻ ശ്രീഗണേശൻ തുണ, ഹൃദി സദയം
വാണിയും വാണിടേണം

ഓൺലൈൻ

Posted: March 22, 2024 in സ്രഗ്ദ്ധര

ഓൺലൈനിൽ കണ്ടുകണ്ടേ പരിചയമുളവായ്
കൂട്ടുകാരായി മാറി –
ക്കാണും, കുത്തിക്കുറിക്കും ചില, തതുപതിവായ്
തമ്മിലോതിച്ചിരിക്കും
കാണാദൂരത്തുനിന്നും സഹൃദയരിനിയും
വന്നുചേരും, തനിക്കും
വേണെങ്കിൽ കൂട്ടുകൂടാം, കലയിതിലലിയാം
ശണ്ഠ വേണ്ടെന്നുവയ്ക്കാം

കാണ്മൂ കാളിമ കാളികയ്ക്കു തനുവിൽ,
കാമൻ കറുത്തെന്നുതാൻ
കേൾക്കുന്നേ, നഥ മോഹിനിക്കുമതുപോ-
ലെന്നല്ലി ചൊല്ലുന്നതും
കണ്ണൻ ശ്യാമളവർണ്ണനല്ലി, യതുക-
ണ്ടാശിച്ചു കാലാരി തൻ
കണ്ഠത്തിൽ ഗരളം നിറച്ചു നിറമാ-
മട്ടാക്കുവാൻ കൂട്ടരേ !


ഒന്നും സംഭവിച്ചില്ലെന്നമട്ടിലായ്
തന്നെ കാര്യങ്ങൾ മുന്നോട്ടുപോകവേ
ചിന്തയിൽ പെട്ടുപാവമപ്പദ്മജൻ
ഹന്ത! താനെന്തുചെയ്യാമിനിയെന്നായ്

തന്നടുത്തുള്ള കൂട്ടരെപോലെയാ –
നന്ദനന്ദനൻതന്നടുത്തും കാണ്മു

എന്തുമായമിതെന്തിന്ദ്രജാലമോ
എൻ്റെ കണ്ണെന്നെ പറ്റിച്ചിടുന്നതോ?

കണ്ണനോടന്നുകാട്ടിയതെറ്റിനീ-
വണ്ണം ശിക്ഷ മേ വന്നുചേരുന്നുവോ?

തന്നടുത്തുള്ള പൈക്കളെ ഗോപരെ-
യിന്നു താൻ സ്വയം പാലിച്ചിടേണമോ?

കണ്ണനെ തിരിച്ചേല്പിക്കയോ ചിതം,
കണ്ണനോടൊന്നു മാപ്പപേക്ഷിക്കയോ?

എന്നു ചിന്തിച്ചു ദുഃഖിച്ചു പദ്മജൻ
ചെന്നു വീണ്ടുമക്കണ്ണനെക്കാണുവാൻ

നന്ദസൂനു തൻ മുന്നിലായ് സാദരം
ചെന്നു പാടിയിമ്മട്ടു സങ്കീർത്തനം

ബാലഗോപാലമൂർത്തേ! ദയാനിധേ!
മാലകറ്റിത്തുണയ്ക്കേണമേ സദാ

ആകുലപ്പെട്ടു കേഴുന്നു മാനസം
ഗോകുലാധിപായെൻ വാക്കു കേൾക്കണേ

തെറ്റുകുറ്റങ്ങളൊക്കെ പൊറുത്തു നീ
ഒട്ടുകാരുണ്യമോടെന്നെ നോക്കണേ

മറ്റൊരാശ്രയമില്ലെനിക്കച്യുതാ
മുട്ടുകുത്തുന്നു നിന്മുന്നിലിന്നു ഞാൻ

ധർമ്മരക്ഷകനായ് ഭൂവിൽ വന്ന നീ
കർമ്മമാർഗ്ഗേ നയിക്കുവോനെൻഗുരു

കൂരിരുട്ടത്തുപോലും വെളിച്ചമി –
പ്പാരിനായ് കരുണാർദ്രമേകുന്നവൻ

ചുട്ടുപൊള്ളുന്ന വേളയിൽ ഭൂവിനോ –
ടൊട്ടുകാരുണ്യമോടെ തൻനീർക്കണം
തൂകിടാൻ വരുംകാർമേഘമെന്നപോൽ
മേഘവർണ്ണ! നിൻ വർണ്ണവും നിർണ്ണയം

എന്നാൽ മേഘത്തിൽ കാണും കറുപ്പെല്ലാം
ചോർന്നുപോകുന്നു വെള്ളത്തിനൊപ്പമായ്

നന്ദനന്ദനാ! നിൻ കൃപപോൽ തന്നെ
നിൻ നിറം മങ്ങിടുന്നില്ലൊരിക്കലും

ഇന്നോളം കണ്ട കാഴ്ചകൾ, മുന്നിലായ്
ഇന്നു ഞാൻ കണ്ടുകൊണ്ടിരിക്കുന്നതും
പിന്നെ മേലിൽ വരുന്നതും നീതന്നെ
എന്നു കാട്ടിയെൻ ഗർവ്വം കളഞ്ഞു നീ

എൻ്റെയായില്ല യാതൊന്നും, ദേഹവും
എന്മനസ്സൻ്റെ ചിന്തയും കർമ്മവും
നിൻ്റെയായ് കണ്ടു നിന്നിലർപ്പിക്കുന്നു
വന്ന തെറ്റൊക്കെയും നീ പൊറുക്കണേ

എന്നനേകം വിധം സ്തുതിച്ചു വിധി –
യന്നു സാഷ്ടാംഗം വീണു നമിച്ചുപോൽ

പാവമാം ചെറുഗോപാലബാലനായ്
ഭാവമാർന്നൊന്നു കണ്ണൻ ചിരിക്കവേ
മാഞ്ഞുപോയ് മായ, വീണ്ടും കളിക്കയായ്
മായൻ വീണ്ടുമക്കൂട്ടരോടൊപ്പമായ്

എന്തൊരത്ഭുതം കണ്ണൻ്റെ ലീലകൾ
എത്ര ധന്യയീഗോകുലം പൃത്ഥ്വിയും

എത്ര ഭാഗ്യമീഗോപാലബാലർക്കി
ങ്ങൊത്തുവന്നതും കൃഷ്ണകാരുണ്യത്താൽ

ഇത്ഥമോരോന്നു ചിന്തിച്ചു കണ്ണനോ –
ടൊത്തുവാഴുന്ന ഗോപാലവൃന്ദത്തെ
പൃത്ഥ്വിയെ, കൃഷ്ണപാദം പതിച്ചതാം
പൂഴിമണ്ണിനെത്തന്നെയും കൂപ്പവേ
മന്ദമെത്തിയ തെന്നലിൽ കൂടിയ
നന്ദനന്ദനൻ ചൊല്ലിയീ വാക്കുകൾ

എന്തിനായ് ചിന്ത, നാന്മുഖാ!, പോക നീ
സ്വന്തമായുള്ള സത്യലോകം പൂകാൻ

തൻ്റെ കർമ്മം താനെന്നും മഹത്തരം
ചിന്തവിട്ടതു പൂജയായ് ചെയ്യുക

ഒന്നതും കേട്ടു പദ്മജൻ യാത്രയായ്
തൻ്റെ കർമ്മം തുടർന്നും നടത്തുവാൻ
(ശുഭം)

കളിയാട്ടം

Posted: March 22, 2024 in Uncategorized

മന്ദം വിരിഞ്ഞ കുസുമത്തിൽ ദേവീ
വന്നെത്തിടുന്ന ചെറുകാറ്റിൽ

രാവിന്നിരുട്ടി, ലൊളിതൂകാൻ വാനിൽ
വന്നെത്തിടുന്ന മതി തന്നിൽ

മിന്നുന്ന താരകളി, ലേവം ചുറ്റും
ചന്ദ്രൻ തരും കുളിർനിലാവിൽ

മാനത്തുകാർമുകിലി, ലമന്ദം മിന്നും
മിന്നലി, ലിടിവെട്ടിലതുപോലെ

ലോകർക്കുവെട്ടമരുളാനായ് സൂര്യൻ
കാലത്തുദിക്കുവതിലെല്ലാം
കാണുന്നു നിൻ്റെ വിളയാട്ടം കാളി
കാണുന്നതോ കരുണ മാത്രം

ലോകത്തിലുള്ളപൊരുളെല്ലാം മാറും
കാലത്തിനൊത്തുപതിവായി

കാലം തഥാ ഭുവനമായും മുന്നിൽ
കാണുന്നു നിൻ്റെ കളിയാട്ടം
( “മുത്തുക്കുമാരനടിയമ്മാ..” പോലെ)