Archive for March 28, 2024

പാരിതിരുട്ടും പൊഴുതകതാരിൽ
ഭൂരിഭയം വന്നിടുമതകറ്റാൻ
ആരിഹ, ഞാനീതിരി തെളിയിക്കാം
നേരിലണഞ്ഞിട്ടരുളുക വെട്ടം

ഗോകുലമെന്നായറിയുമിടം താൻ
ഗോകുലബാലാ! ഭവനമെനിക്കും! +
ഗോകുലമെന്നാൽ തവ ഗൃഹമല്ലേ?
ഗോകുലവാസിക്കരുതു വിഷാദം

കാരണഭൂതൻ ഗുരുപവനേശൻ
കാരണമത്രേ  മിഴിയുലകത്തെ
കാണുവതിന്നാസ്മരണയിലത്തൃ-
ക്കാലടിക്കൂപ്പാം തുണയിവനേകൂ

+ ഞാൻ താമസിക്കുന്ന അപ്പാർട്ട്മെൻ്റിൻ്റെ പേര് ഗോകുലം എന്നാണ്

വിശ്വാസം

Posted: March 28, 2024 in പാന

കൊച്ചുപാദങ്ങളീഭൂമിതൻ മാറിൽ
വച്ചുനീങ്ങുമിക്കുഞ്ഞിൻ്റെ ചുണ്ടിലെ
സ്വച്ഛമാം ചിരി കാലപ്രവാഹമേ!
മായ്ചിടാതെ നീ നോക്കണം കാക്കണം

അമ്മയോടുതന്നമ്മൂയോടുമീ
നന്മയുള്ളൊരുലോകത്തൊടും സദാ
സന്മനസ്സിൻ്റെ വിശ്വാസമായ് കാൺക
തിന്മ തൻ വിഷം ചേർക്കൊല്ലൊരിക്കലും

The first step…. Eugenio Zam (1859-1948, Italian ) 👇

https://artvee.com/dl/first-steps/

വന്നോട്ടേ പുതുമന്ത്രിമാർ, പതിവുകാർ
തന്നെത്തുടർന്നീടുമി –
ങ്ങെന്നാട്ടേ, ബത! മാറ്റമെന്തുവരുവാ –
നിന്നാട്ടുകാർക്കൊക്കെയും
നന്നാക്കും നിജകക്ഷി, വീടുമതുപോ-
ലെന്നാലതേമട്ടിലായ്
തൻ നാടും വളരാൻ കൊതിച്ചമരുവോർ
നന്നെച്ചുരുക്കം ദൃഢം

മികച്ച കവിഭാവനാദ്യുതിയതിൽ ചിതംപോലവേ
തികഞ്ഞ പദഭംഗിയും, നിരുപമം കവേ! നിർണ്ണയം
പകർന്ന നിജരശ്മിയാൽ പകലവൻ തമസ്സൊക്കെയി-
ങ്ങകറ്റുവതുപോലിതെൻ ഹൃദയമെന്ന പദ്മത്തിനും
 

ദിലീപേട്ടൻ്റെ ശ്ലോകം

ദിലീപേട്ടൻ്റെ തന്നെ മൊഴിമാറ്റം:
കുളിച്ചു പകലോന്‍ കടല്‍ക്കകമതില്‍ നിശാവേളയില്‍
വിളഞ്ഞ പരിശുദ്ധിയില്‍, പുലരിയില്‍ കിഴക്കംബരേ
തെളിഞ്ഞുമൊളിനോട്ടമിക്കരയിലിട്ടൊരാവേശമായ്
വളച്ചു പുണരാനവന്‍ കനകസാമ്യകൈക്കൂട്ടവും

നിഗമപുരീശാ

Posted: March 28, 2024 in Uncategorized

യുക്തിവിചാരം ചെയ്യാനിഷ്ടം ബുദ്ധിക്കെന്നാലതുപോലല്ലാ
ഹൃത്തടമോർത്താലതിനാശ്വാസം ഭക്തിവിചാരം നിഗമപുരീശാ