Archive for March 31, 2024

വീട്ടിൽ കവാടങ്ങളടച്ചു കണ്ണൻ
പുറത്തുപോകാതെ പിടിച്ച ഗോപീ
വിചിത്രമന്യത്ര ഉലൂഖലത്തിൽ –
ക്കുടുങ്ങിനിൽക്കുന്നതുകണ്ടുവത്രേ!

പാവം!

Posted: March 31, 2024 in മഞ്ജരി

നിൻ്റെ തൃക്കാലിലെ നൂപുരത്തിൻ സ്വന-
മെന്നുള്ളിൽ കേൾക്കുവാനെന്തു ഹേതു?

ചെന്താമരാക്ഷ! നീയെന്നുള്ളിലോടിക്കളി –
ക്കുന്നുവെന്നു മേ തോന്നിടുന്നൂ


നിന്നെത്തിരയുന്നു ലോകത്തിലൊക്കെയും
എന്നായറിഞ്ഞെൻ്റെയുള്ളിലിപ്പോൾ
കണ്ണൻ കളിക്കിലും കാണാതിരിക്കയാൽ
കണ്ണിന്നു പാവം! കരഞ്ഞിടുന്നൂ

ഈശ്വരൻ്റെ മകനാരുലകത്തി-
ന്നാശ്രയപ്പൊരുളായമരുന്നോൻ
ആശയറ്റവനു രക്ഷകനാമാ-
യേശുദേവചരണം തുണ നിത്യം

ദേഹത്തിലുള്ളതാം രക്തത്തിലൂറുന്ന
സ്നേഹത്തെ വീഞ്ഞാക്കി തൻ്റെ സന്ദേശമായ്
ലോകരക്ഷാർത്ഥമായീശോ പകർന്നതി –
ങ്ങേകട്ടെ ശാന്തിയിപ്പാരിനെല്ലായ്പൊഴും

കണ്ണാടിപോലെയീലോകം
പുഞ്ചിരിച്ചതിൽ നോക്കുക
ചിരിക്കുമതുസൌന്ദര്യം
കൂട്ടും നിൻ വദനത്തിനും

ഇല വൃക്ഷം പൊഴിച്ചേക്കാം
വേരെന്നാൽ വിട്ടുപോകൊലാ
അഭിപ്രായങ്ങൾ മാറ്റീടാം
മൂല്യത്തിൽ മാറ്റമാകൊലാ

കടലിൻ വെള്ളമാണത്രേ
ബാഷ്പമായ് മാറി വാനിലെ
മുകിലിൻചേർന്നു ഭൂമിയ്ക്കായ്
മഴയായ് വന്നിടുന്ന നീർ

കടലിൽ വെള്ളമുണ്ടല്ലോ
ബാഷ്പമായ് പൊങ്ങുവാൻ സദാ
എന്നാലും മഴയെന്നാളും
പെയ്യില്ലെന്താണു കാരണം ?

തപിച്ചു ഭൂമിയെന്നാലും
കാർമേഘം നിത്യമെത്തിടാ
വന്ന മേഘങ്ങളെക്കാറ്റും
കവരും ചില വേളയിൽ

കാലമാകാത്തതാണെന്നോ
കാരണം സത്യമോർക്കുകിൽ
കാലവർഷത്തിലും കാണാം
മഴ പെയ്യാത്തനാളുകൾ

വേലക്കാരില്ലയെന്നാലും
യജമാനനവൻ സദാ
ബിരുദങ്ങളെടുക്കാത്തോൻ
ഗുരു ലോകർക്കവൻ സദാ

മരുന്നുകൈയ്യിലില്ലെന്നാൽ
വൈദ്യനാണവനെന്നുമേ
സൈന്യമില്ലെങ്കിലും ഭീതി
മന്നവർക്കു കൊടുക്കുവോൻ

പോരടിക്കാതെ ലോകത്തെ
തൻ വശത്താക്കി വാഴുവോൻ
കൊട്ടാരങ്ങളെ വിട്ടെന്നും
കുടിലിൽചെന്നുവാഴുവാൻ

എങ്കിലും പ്രഭുവായ് തന്നെ
മന്നിൽ വാഴ്ത്തപ്പെടുന്നവൻ
രാജ്യമില്ലവനിപ്പാരിൽ
രാജാവായ് പുകഴേന്തുവോൻ

കുറ്റം ചെയ്യാത്തവൻ പക്ഷേ
ക്രൂശിക്കപ്പെട്ടു നിന്നവൻ
കല്ലറയ്ക്കുള്ളിലായ് മൃത്യു
പുൽകി, യോനതു വിട്ടവൻ

എന്നുമേ നന്മയായ് പാരിൽ
നമ്മളോടൊത്തിരിക്കുവോൻ
എന്നും നമ്മെ നയിക്കുന്നോൻ
നമ്മളെ കാത്തിടുന്നവൻ

പ്രചോദനം

മേഷമേ!

Posted: March 31, 2024 in Uncategorized

മേഷമേ! ഭവാൻ മർത്യരെപ്പോലെ
“മേ മേ” എന്നെന്നും കേഴുവോൻ

പുല്ലിനല്ലല്ലോ വന്നതിക്കാലം
തെല്ലിരിക്കാം  നീ തിന്നോളൂ

( മേ = എൻ്റെ )

ഇമ്മാന്വേൽ

Posted: March 31, 2024 in Uncategorized


ആരു നീയെന്നുചോദിക്കുന്നേരം
ബാലൻ ചൊല്ലിയിമ്മട്ടിലായ്

തായ് വഴിക്കാണിച്ചോദ്യമെന്നാകിൽ
ജീസസ്സെന്നാണെൻ പേരെന്നാൽ
താതൻ്റെ വഴിക്കിമ്മാന്വേലെന്നും നാമമോർക്കുകെൻ കൂട്ടരേ

എത്രയായ് പ്രായം എന്നാരാഞ്ഞപ്പോൾ
ഉത്തരമിപ്രകാരമായ്

അമ്മ തൻ വഴിക്കെന്നാൽ പന്ത്രണ്ടും
നിത്യനച്ഛൻ്റെ മാർഗ്ഗത്തിൽ

എന്തു നിന്നുടെ ഭാവികാര്യങ്ങൾ
എന്നു ചോദിക്കെ ബാലനും
അന്നു ചൊല്ലിയതേവം വിസ്മയം
തന്നെയാണതും കേൾക്കുക

തായ് വഴിക്കെന്നെ ക്രൂശിക്കും പിന്നെ
താതനാലുയർത്തേറ്റിടും

*വിനോദ് വർമ്മ, ചെന്നൈ*

പ്രചോദനം: Song: On my father’s side

https://youtu.be/8SbXXn4UpLk?si=dUD44gNHx_9HKnOa