Archive for March 16, 2024

പാഠം 2 മൈന

Posted: March 16, 2024 in കേക

അന്നെല്ലാം പാടുന്നേരം മുറ്റത്തെൻ ഗാനം കേൾക്കാൻ
വന്നതാം സുരേഷിപ്പോൾ പോയ്മറഞ്ഞെന്നോ കഷ്ടം!?

എന്നെയും തിരഞ്ഞവൻ വന്നതേയില്ലെന്നല്ല
ഒന്നവൻ തിരിഞ്ഞിന്നു നോക്കുന്നു പോലുമില്ല

മൂന്നിലെ മലയാളം പാഠങ്ങൾ പഠിക്കാനായ്
മുന്നമെന്നോണമാരും വരുന്നില്ലെന്നടുക്കൽ

ഇന്നെന്നെ വേണ്ടെന്നായ് മലയാളികൾക്കെല്ലാ-
മെന്നു ഞാനറിയുന്നു കഷ്ടമിക്കാലഘട്ടം

വരം

Posted: March 16, 2024 in പൃത്ഥ്വി

ഹരിക്കു ഹരനും സുതൻ ശബരിമാമലയ്ക്കീശ! സം-
ഹരിക്ക ഭുവി സങ്കടം പകരുമെൻ്റെ ശത്രുക്കളെ
ഹരിക്ക മമ മാനസം തവ പദാംബുജത്തേനെന്നുമാ –
ഹരിക്കുവതിനേകണേ വരമതേ വരം മേ സദാ

കൂപ്പാം

Posted: March 16, 2024 in Uncategorized

കണ്ണടച്ചിരിക്കുമ്പോൾ കണ്ണിനും കണ്ണായെന്നുൾ-
ക്കണ്ണായിട്ടിരിക്കുന്ന കണ്ണനെക്കണ്ടുകൂപ്പാം

കണ്ണൊന്നു തുറക്കുമ്പോൾ കാണുമീലോകമായ്
കാണുമീലോകരായും കണ്ണനെക്കണ്ടുകൂപ്പാം

കേൾപ്പതാം കോലാഹലം കുസൃതിക്കുട്ടനായ
കണ്ണൻ്റെ കുറുമ്പിൻ്റെ ഫലമെന്നോർക്കാം കൂപ്പാം

കുറച്ചുമാത്രമാത്രമാണു വാഴ്‌വതെങ്കിലും ഭയം
മറന്നു വാടിതന്നിലോടിവന്ന തുമ്പി സന്തതം
പറഞ്ഞിടുന്ന കാര്യമോർക്ക, സങ്കടം വെടിഞ്ഞു നീ
പറക്കണം, പരത്തണം ശുഭേച്ഛ നൽപരാഗമായ്

ദിലീപേട്ടൻ്റെ പ്രഭാതവർണ്ണന:
പ്രകൃതേശ്ശാശ്വതാശ്ചര്യം
ദൃശ്യതേ പ്രത്യഹർമുഖേ
സുവർണ്ണലോലകം കശ്ചിത്
പൌരസ്ത്യാകാശമണ്ഡലേ

അന്വയം: പ്രകൃതേഃ ശാശ്വതാശ്ചര്യം പ്രതി അഹര്‍മുഖേ പൌരസ്ത്യ-ആകാശമണ്ഡലേ ദൃശ്യതേ

പ്രകൃതിയുടെ ശാശ്വതമായ ആശ്ചര്യഭാവം എല്ലാ പ്രഭാതത്തിലും ഒരു സുവര്‍ണപ്പതക്കമായി കിഴക്കേ ആകാശമണ്ഡലത്തില്‍ കാണപ്പെടുന്നു

ഈ ശ്ലോകം എൻ്റെ മനസ്സിൽ തീർത്ത അലയൊലി:

എന്നും കാണുന്നിതാശ്ചര്യം –
തന്നെ, പൂർവ്വാംബരത്തിലായ്
പൊന്നിൻ ലോലാക്കതത്യന്തം
മിന്നിനിൽക്കുന്നു സുന്ദരം

പകലിൻ ചിതയെരിഞ്ഞീടും
സന്ധ്യയും മാഞ്ഞ വേളയിൽ
കാളികേ! നീയണഞ്ഞാടാ –
റുണ്ടെന്നായ് കേട്ടു പണ്ടു ഞാൻ

രാവിന്നന്ത്യത്തിലായ് മെല്ലെ –
പ്പോവും വേളയതാകയാൽ
ഈവിധം നിൻ്റെ ലോലാക്കൊ-
ന്നാവുമോ കണ്ടതംബരേ

ആരിവൾ?

Posted: March 16, 2024 in കാകളി


കാത്തുനിൽക്കുന്നിതാ കായും കനികളും
കത്തുമുൾത്താരുമായ് പാവമിപ്പെൺകൊടി

ആരിവൾ, കൂരിരുൾ തിങ്ങുന്ന രാത്രിയിൽ
താരേശനെ കാത്തിരിക്കുന്ന താരമോ?

കണ്ണനെ പൂജിച്ചിരിക്കുന്ന മീരയോ?
കണ്ണൻ്റെ വൃന്ദാവനത്തിലെ രാധയോ?

കണ്ണനായ് ഹാരം ചമച്ചു തന്നെസ്വയം
കണ്ണനായ് ചിന്തിച്ചുചാർത്തുന്ന കോതയോ?

മഞ്ജുള തന്നെയോ വാതാലയേശനായ്
മഞ്ജുമാല്യം കോർത്തുകാത്തുനിൽക്കുന്നതോ?

എന്മനം തന്നിലായ് പൊങ്ങുന്ന ചിന്തകൾ
തന്നെയിമ്മട്ടിലായ് രൂപം ധരിച്ചതോ?

നീരുമായാഴി തൻ പൊന്മടിത്തട്ടിലായ്
ചേരുവാനോടുമാറെന്നുമേകില്ലയോ
ആരുചോദിക്കിലും വെള്ളമമ്മട്ടിലായ്
തീരുമെന്നാകിലോ ധന്യമായ് ജന്മവും

അരുണോദയം

Posted: March 16, 2024 in മാലിനി

അരുണനിഹ വരുമ്പോൾ വിണ്ണഹോ ചോന്നുകാണായ്
വരുവതിനറിയാമോ കാരണം കൂട്ടുകാരേ!
ഒരുകുറി ഗഗനത്തിൽ താരകക്കൂട്ടമാഹാ
ഗുരുതി ഭഗവതിക്കായ് ചെയ്തതോ ഹേതു ചോക്കാൻ