Archive for March 18, 2024

മാല്യം

Posted: March 18, 2024 in വനമാലം

ഗുരുവായൂർ പുരിയിലിരിക്കും മമ ഭഗവൻ! ചിന്തകളാൽ ഞാൻ
ഒരുമാല്യം തവ തിരുമാറത്തണിവതിനായ് കോർത്തുതരുന്നൂ
തിരുമെയ്യിൽ സദയമതിട്ടിട്ടരികെ വരൂ ദർശനമേകാൻ
കരുണാർദ്രം, തിരുവടിയിൽ ചേർന്നലിയണമെന്മാനസമപ്പോൾ

Grounded

Posted: March 18, 2024 in വസന്തതിലകം

പൊട്ടിത്തകർന്ന കനവിൻ കണമൊക്കെയൊന്നായ്
തട്ടിച്ചുനോക്കിയിതു ഹാ! ചിലരോതിടുന്നൂ
“കുട്ടിത്തമറ്റു ബഹുപക്വതയാർന്നു നീ”യീ –
മട്ടിൽ സ്തുതിക്കുവതുകേട്ടു ചിരിച്ചു പാവം


മായനെക്കാണ്മതിന്നായ് വനത്തിലേ-
യ്ക്കായെഴുന്നള്ളിവന്നതാം നാന്മുഖൻ
മായ കാട്ടുവാനായൊരുമ്പൊട്ടതിൽ
ന്യായമെന്തതും കണ്ണൻ്റെ ലീലയോ?

അന്നു ജ്യേഷ്ഠൻ ബലരാമനോടൊത്തു
ചേർന്നു കാട്ടിലാപൈക്കളെ മേയ്ക്കുവാൻ
ചെന്നുകൂട്ടരോടൊപ്പം കളിച്ചുന-
ല്ലന്നമുണ്ടു രസിക്കുന്നവേളയിൽ
പൈക്കളില്ലഹോ ചുറ്റുവട്ടത്തെന്നായ്
പാവം ഗോപാലബാലർപരുങ്ങവേ
നന്ദനന്ദനൻ കൃഷ്ണൻ തിരുവടി
ചെന്നുനോക്കുവാനായ് പുറപ്പെട്ടുപോൽ

കണ്ടതില്ല തൻ പൈക്കളെ, കാരണ-
മുണ്ടു നാന്മുഖൻ തന്നുടെ ലീലതാൻ
എന്നറിഞ്ഞുപോയ്, പുഞ്ചിരി തൂകി താൻ
വന്ന ദിക്കിലേയ്ക്കെത്താൻ കുതിച്ചുപോൽ

ഹന്ത! ചെന്നങ്ങനോക്കുന്ന വേളയിൽ
എന്തൊരത്ഭുതം! ബാലകന്മാരില്ല

എന്തുചെയ്യുമിക്കുഞ്ഞെന്നറിയുവാൻ
തോന്നി കൌതുകം നാന്മുഖനെത്രയും
(തുടരും…)

കമലലോചന! നിൻ കഥ കേൾക്കയാൽ
ഭ്രമമെനിക്കുളവായതിനാൽ മനം
ഭ്രമരമായലയുന്നതു, കാൺക, സം-
ഭ്രമമകറ്റി നയിക്കുക സാമ്പ്രതം

ഒത്താലൊത്തു

ഹൃത്താരിൽ തെളിയുന്ന ചിന്ത വഴിപോൽ
ചേരും ചമത്കാരവും
ചേർത്താർക്കും പ്രിയമേകിടുന്ന പടിയായ്
ശ്ലോകം കുറിക്കും ശ്രമം
ഒത്താലൊത്തു, “പിഴച്ചിടുന്നു യതി, “യൊ-
ട്ടർത്ഥം സ്ഫുരിക്കാതെയായ്”
ഇത്ഥം തെറ്റു ഭവിച്ചിടാതെയെഴുതാൻ
പോരാ വരും ജന്മവും